ഒക്ടോബര് നാലിന് രാവിലെയാണ് ഗാസിയാബാദിലെ ട്രോണിക് സിറ്റി പ്രദേശത്ത് നാല്പത്തിയേഴുകാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ മകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍, പോലീസിനെ ഏറെ ഞെട്ടിച്ചത്, വെറും 20,000 രൂപ നല്‍കാത്തതിന്‍റെ പേരിലാണ് മകനും കൂട്ടുകാരും ചേര്‍ന്ന് സ്ത്രീയെ കൊലപ്പെടുത്തിയത് എന്നതാണ്.
പോലീസിന്‍റെ അന്വേഷണത്തില്‍ ഒരു ചെറിയ വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന സംഗീത ത്യാഗിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കി. പിന്നാലെ ഇവരുടെ മകന്‍ സുധീര്‍ നിരവധി കവർച്ച കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. സുധീര്‍ മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു. ജോലികള്‍ക്കൊന്നും പോകാതിരുന്ന ഇയാള്‍ അടുത്തകാലത്തായി ഡിജെ ആയി ജോലി ചെയ്യുകയായിരുന്നു. ഇതിനായി വാങ്ങിയ ഡിജെ കൺസോൾ നന്നാക്കാൻ സംഗീതയോട് ഇയാള്‍ 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മയക്കുമരുന്ന് വാങ്ങാനാണെന്ന് തെറ്റിദ്ധരിച്ച് സംഗീത പണം നല്‍കാന്‍ തയ്യാറായില്ല.
ഇതില്‍ പ്രകോപിതനായ സുധീര്‍ ഓക്ടോബര്‍ മൂന്നാം തിയതി രാത്രി സംഗീതയെ ബൈക്കില്‍ കയറ്റി സുഹൃത്തുക്കളായ അങ്കിതും സച്ചിനും കാത്തുനിൽക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ വച്ച് അവർ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് സംഗീതയെ കൊലപ്പെടുത്തുകായായിരുന്നെന്ന് പോലീസ് പറയുന്നു. ഇതിന് ശേഷം ഇവര്‍ മൃതദേഹം ട്രോണിക്ക സിറ്റി പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അന്വേഷണത്തിന് പിന്നാലെ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് സുധീറാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതെന്ന് ഗാസിയാബാദ് റൂറൽ ഡിസിപി സുരേന്ദ്രനാഥ് തിവാരി അറിയിച്ചു.
إرسال تعليق