Join News @ Iritty Whats App Group

സരിന് ഓട്ടോറിക്ഷ കിട്ടിയില്ല, ചിഹ്നം സ്‌റ്റെതസ്കോപ്; വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ, ചേലക്കരയിൽ 6 പേർ മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ മത്സരചിത്രം തെളിയുന്നു. പാലക്കാട് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്‌റ്റെതസ്‌കോപ് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിൽ ആകെയുള്ളത് പത്ത് സ്ഥാനാർത്ഥികളാണ്. കോൺഗ്രസിന് വേണ്ടി ഇറങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ എന്നിവർക്ക് പാർട്ടി ചിഹ്നങ്ങൾ തന്നെയാണ് അനുവദിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ അപര സ്ഥാനാർത്ഥികളുടെ ഭീഷണി ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആർ രാഹുൽ എന്ന് പേരുള്ള രണ്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒരു സ്വാതന്ത്ര സ്ഥാനാർത്ഥി പത്രിക പിൻവലിക്കുകയും ചെയ്‌തിരുന്നു. നേരത്തെ സിപിഎം സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരുന്ന ബിനുമോൾ പത്രിക പിൻവലിച്ചിരുന്നു.


കോൺഗ്രസ് വിട്ട് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് സ്ഥാനാർത്ഥികൾ ഇതേ ആവശ്യം ഉന്നയിച്ചതോടെ നറുക്കെടുക്കേണ്ടി വന്നു. ഇതിൽ നഷ്‌ടമായതയോടെയാണ് ഡോക്‌ടർ കൂടിയായ സരിൻ സ്‌റ്റെതസ്കോപ്പ് ചിഹ്നം തിരഞ്ഞെടുത്തത്.

മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും, സി കൃഷ്‌ണകുമാർ താമര ചിഹ്നത്തിലുമാണ് ജനവിധി തേടുക. ചേലക്കരയിൽ സ്ഥിതി വ്യത്യസ്‌തമാണ്, ഇവിടെ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മൂന്ന് പ്രമുഖ മുന്നണികൾക്ക് പുറമേ പിവി അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥിയും രണ്ട് സ്വതന്ത്രരും ഇവിടെ മത്സര രംഗത്തുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസ്, എൽഡിഎഫിന് വേണ്ടി യു പ്രദീപ്, ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്‌ണൻ എന്നിവർ പാർട്ടി ചിഹ്നങ്ങളിൽ ജനവിധി തേടും. ഡിഎംകെ സ്ഥാനാർത്ഥിയായി എംകെ സുധീറാണ് മത്സരിക്കുന്നത്. ഇയാൾക്ക് ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ മത്സര ചിത്രവും പുറത്തായി.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പതിനാറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നത്, ചിഹ്നം കൈപ്പത്തിയാണ്. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസും കളത്തിൽ ഇറങ്ങും.

അതേസമയം, ഷാഫി പറമ്പിൽ രാജിവച്ച ഒഴിവിലേക്കാണ് പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. സിപിഎമ്മാവട്ടെ കോൺഗ്രസ് വിമതനായ ഡോ. പി സരിനെയാണ് ഇറക്കുന്നത്. ബിജെപിക്ക് വേണ്ടി സി കൃഷ്‌ണകുമാറാണ് ഇറങ്ങുന്നത്. വയനാട്ടിൽ രാഹുൽ രാജിവച്ച ഒഴിവിലാണ് മത്സരം. ചേലക്കരയിൽ രാധാകൃഷ്‌ണാൻ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Post a Comment

أحدث أقدم
Join Our Whats App Group