ദില്ലി: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള പാട്ന-എറണാകുളം എക്സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍, നോര്‍ത്ത് സൗത്ത് 24 പര്‍ഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും.
കൊല്‍ക്കത്തയുള്‍പ്പടെയുള്ള ഇടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വിവിധ ഭാഗങ്ങളിലായി 85 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദാന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒഡിഷയിലും സമീപസംസ്ഥാനങ്ങളിലും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. പുരി, ഗന്‍ജാം, ഖോര്‍ദിയ, നയാഗഡ്, കിയോന്‍ജര്‍, അന്‍ഗുല്‍, ധെന്‍കനാല്‍, ഭദ്രക്, ബാലാസോര്‍, മയൂര്‍ഭഞ്ജ് ജില്ലകളില്‍ 24, 25 തീയതികളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 150 എൻഡിആര്‍എഫ് സേനാംഗങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഭുവനേശ്വറിലെത്തി. ഒഡീഷയില്‍ അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങള്‍ക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
إرسال تعليق