Join News @ Iritty Whats App Group

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ; ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോനും തോമസ് കെ. തോമസും


തിരുവനന്തപുരം: കൂറു മാറ്റത്തിന് കോഴവാഗ്ദാനം ചെയ്‌തെന്ന വിവാദത്തില്‍ ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍. 100 കോടി ഓഫര്‍ വന്നിട്ടില്ലെന്നും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കും താനെന്നും ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ് ഇതെന്നും മുഖ്യമന്ത്രിയോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു.

അജിത്പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെയെത്തിക്കാന്‍ എന്‍സിപി എംഎല്‍എ തോമസ്. കെ. തോമസ് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം കേരളരാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്. ആരോപണം തോമസ്‌കെ. തോമസും നിഷേധിച്ചിട്ടുണ്ട്. സംഭവം ഇടതുപക്ഷത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആന്റണിരാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം ഓഫര്‍ ചെയ്‌തെന്നാണ് ആരോപണം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് ആന്റണിരാജു നടത്തിയിരിക്കുന്ന പ്രതികരണം. നിര്‍ണായക വിവരം മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം.

കോഴ ആരേപണം ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത് കൃത്യമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ഇതിനെതിരേ സിപിഐ യും രംഗത്ത് വന്നു. കേരളത്തിലേക്ക് കുതിരക്കച്ചവടം എത്തുന്നത് അപമാനകരമാണെന്നായിരുന്നു ബിനോവിശ്വത്തിന്റെ പ്രതികരണം. ആരോപണം മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസിനും കുരുക്കായി മാറിയിരിക്കുകയാണ്. മൂന്ന് മണിക്ക് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group