ചെറുതോണിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവും 1,80,000 രൂപ പിഴയും തടവ് വിധിച്ച് കോടതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും.
വാഗമൺ സ്വദേശിയായ അറുപത്തിയാറുകാരനാണ് സ്വന്തം മകളെ 10 വയസ്സു മുതൽ 14 വയസുവരെ പീഡിപ്പിച്ചത്. പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽനിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാംക്ലാസിൽ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടിൽവരുമ്പോൾ പിതാവ് നിരവധിതവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്.
2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുൻപും പിതാവിൽനിന്നും എൽക്കേണ്ടി വന്ന ദുരനുഭവങ്ങൾ കടലാസുകളിൽ എഴുതി കുട്ടി കിടക്കക്ക് അടിയിൽ സൂക്ഷിച്ചിരുന്നു. പോലീസ് കണ്ടെത്തിയ കുട്ടിയുടെ അനുഭവക്കുറിപ്പുകൾ പ്രൊസിക്യൂഷന് സഹായകരമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്‌തത് ഹീനമായ പ്രവൃത്തിയാണെന്നു കോടതി വിലയിരുത്തി.
2020-ൽ വാഗമൺ പോലീസ് രജിസ്റ്റർചെയ്‌ത് അന്വേഷണം നടത്തി ചാർജ് ചെയ്ത കേസിൽ പ്രൊസിക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊറിറ്റിയോടും കോടതി ശുപാർശചെയ്‌തു.
إرسال تعليق