Join News @ Iritty Whats App Group

റെയില്‍വേയില്‍ ജോലി വാഗ്ദാനം: കോടികള്‍ തട്ടിയെടുത്ത രണ്ടു പേര്‍ അറസ്റ്റില്‍


ലശ്ശേരി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.



കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയുമായ ഗീതാറാണി (65), രണ്ടാം പ്രതിയായ കൊല്ലം പുനലൂര്‍ സ്വദേശി ശരത്ത് എസ്. ശിവന്‍ (34) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.



ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലര്‍ക്ക്, ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാനേജര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാറാണി സമാനമായ ഏഴ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊയ്യോട് സ്വദേശി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് ഗീതാ റാണി ഉള്‍പ്പെടെ മൂന്നുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്. ചൊക്ലി നിടുമ്ബ്രത്തെ കെ. ശശിയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.



റെയില്‍വേ റിക്രൂട്ടിങ് ബോര്‍ഡ് സീനിയര്‍ ഓഫിസര്‍ ചമഞ്ഞാണ് ഗീതാറാണി തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന് ആദ്യം റെയില്‍വേയില്‍ ക്ലര്‍ക്ക് ജോലിയാണ് വാഗ്ദാനം ചെയ്തത്. 18 ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. ഒറിജിനലിനെ വെല്ലുന്ന അപ്പോയ്ൻമെന്റ് ലെറ്റര്‍ നല്‍കുകയും തൃശിനാപ്പിള്ളിയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തൊട്ടടുത്തദിവസംതന്നെ, ബി.ടെക്കുള്ളതിനാല്‍ ട്രെയിന്‍ മാനേജര്‍ പോസ്റ്റ് നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപകൂടി വാങ്ങി. അപ്പോയ്‌ൻമെന്റ് ലെറ്റര്‍ നല്‍കുകയും ബംഗളൂരുവില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ജോലിയില്‍ ചേരാന്‍ വന്നപ്പോഴാണ് വന്‍ തട്ടിപ്പ് സംഘത്തിന്റെ വലയിലാണ് അകപ്പെട്ടതെന്ന് ഉദ്യോഗാര്‍ഥികളും ബന്ധുക്കളും അറിയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group