Join News @ Iritty Whats App Group

മൈനാഗപ്പള്ളി കാറപകടം; മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി, അജ്മലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും


കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തിൽ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ അമിതവേഗതയിൽ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുന്നതിന്‍റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തിൽ പാഞ്ഞ കാര്‍ റോഡ് സൈഡിൽ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടയിൽ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്‍റെ ഡോര്‍ തുറന്ന് പ്രതിയായ അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ ത‍ടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അജ്മലിന് പുറകെ ശ്രീകുട്ടിയും നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്.

അടുത്ത ദിവസം പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടുന്നത്. അജ്മലിനെ നാട്ടുകാര്‍ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും തട്ടിമാറ്റി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടന്ന ദിവസത്തെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. അജ്മല്‍ നാട്ടുകാരോട് തട്ടിക്കയറുന്നതും പിന്നീട് കടയുടെ സൈഡിലൂടെ പുറത്തേക്ക് പോകുന്നതും പിന്നാലെ ഡോ. ശ്രീക്കുട്ടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടാക്കി വന്നതിന്‍റെ രോഷത്തിൽ നാട്ടുകാര്‍ അജ്മലിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group