ഷിരൂരിലെ ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കാര്‍വാറിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി അര്‍ജുന്റേതാണെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. മൃതദേഹം അര്‍ജുന്റേതാണെന്ന് ഫലം വന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ജില്ല കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയുടെ ക്യാബിനില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലോറിയില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ കൂടിയായ സതീഷ്‌കുമാര്‍ സെയിലും പറഞ്ഞു. കാണാതായി 72ാം ദിവസമാണ് അര്‍ജുന്റെ ലോറിയുടെ ക്യാബിനും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തുന്നത്.
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ ക്രെയിനിന്റെ ഹുക്ക് ലോറിയുടെ ഭാഗങ്ങളില്‍ സ്ഥാപിച്ച് പുഴയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ ആ സമയം ക്രെയിന്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് പുഴയിലെ ഒഴുക്കിന് ശമനം ഉണ്ടായതോടെ ലോറിയുടെ ഭാഗം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ ലോറിയുടമ മനാഫ് കാണാതായ ലോറിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ അര്‍ജുന്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ച കുടുംബം അര്‍ജുന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള മൃതദേഹ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗംഗാവലിപ്പുഴയുടെ തീരം അര്‍ജുന് ഏറെ പ്രിയപ്പെട്ട ഇടം ആയിരുന്നെന്നും ഇതുവഴി പോകുമ്പോള്‍ ചിത്രങ്ങളെടുത്ത് അയയ്ക്കുന്നത് പതിവായിരുന്നെന്നും നേരത്തെ കുടുംബം പ്രതികരിച്ചിരുന്നു. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ നടന്നുകൊണ്ടിരുന്നത്.
ഇതിനിടയില്‍ പ്രകൃതി പലപ്പോഴും തിരച്ചിലിന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. കനത്ത മഴയും തുടര്‍ന്നുള്ള ശക്തമായ ഒഴുക്കും അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന് കാരണമായി. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ രാഷ്ട്രീയ സമ്മര്‍ദ്ദവും തിരച്ചില്‍ അവസാനിപ്പിക്കാതിരിക്കാന്‍ കാരണമായിരുന്നു.
അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലര്‍ട്ടായിരുന്നു. എന്നാല്‍ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തെ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന പരിശോധന.
എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്നും ഒന്നും കണ്ടെത്താനായിരുന്നില്ല. ബോട്ടിലേക്ക് മാറ്റിയ അര്‍ജുന്റെ മൃതദേഹം ഫോറന്‍സിക്-ഡിഎന്‍എ പരിശോധനകള്‍ക്ക് വിധേയമാക്കി സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.
إرسال تعليق