മലപ്പുറം: പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയതായി റിപ്പോർട്ട്. സഹോദരി വിളിച്ചപ്പോഴാണ് റിംഗ് ചെയ്തത്. തുടർന്ന് മറുവശത്തുള്ള ആൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ടാക്കുകയായിരുന്നു. തമിഴ്നാട്ടിലെ കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ആറ് ദിവസം മുൻപ് കാണാതായ മങ്കട പള്ളിപ്പുറം കുറുന്തല വീട്ടിൽ വിഷ്ണുജിത്തിനെ ( 30 ) കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വിവാഹത്തിന് മൂന്ന് ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബർ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് പണം സംഘടിപ്പിക്കാനാണെന്ന് പറഞ്ഞാണ് പാലക്കാട്ടേക്ക് പോയത്. സുഹൃത്തിനോട് പണം വാങ്ങി മടങ്ങിയ വിഷ്ണുവിനെ പിന്നീട് കാണാതായി. വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
ഒരു ചെറിയ ഇഷ്യൂ ഉണ്ട്. പണം കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷ്ണു കോയമ്പത്തൂരിലേക്ക് പോകാൻ ബസ്സ് കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
രാവില പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചെന്നും അമ്മ പറഞ്ഞിരുന്നു
രാത്രി എട്ട് മണിയോടെ വിളിച്ച് താൻ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടിൽ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്. എന്നാൽ രാവിലെയും കാണാതായതോടെ വിഷ്ണുവിന്റെ അമ്മ ഭർത്താവിന്റെ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.
പിന്നീട് ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. വിഷ്ണുവിന്റെ സഹോദരിയും ഭർത്താവും പോലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായിരുന്നില്ല. രാവിലെ വന്നപ്പോൾ വിഷ്ണുജിത്ത് സന്തോഷത്തിലായിരുന്നുവെന്നാണ് വിഷ്ണുവിന്റെ സുഹൃത്ത് ശരത് പറഞ്ഞത്.
കല്യാണത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നുവെന്നും പൈസയുടെ കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു, അല്ലാ വേറെ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ലെന്നും ശരത് പറയുന്നു. തിരിച്ചു പോകുമ്പോഴും സന്തോഷത്തിലായിരുന്നുവെന്നും ശരത് പറഞ്ഞു. മൂന്ന് മണിക്കാണ് വിഷ്ണുവിനെ ബസ് കയറ്റിവിട്ടതെന്ന് ശരത് പറഞ്ഞിരുന്നു,
إرسال تعليق