Join News @ Iritty Whats App Group

'അറസ്റ്റ് തടയണം'; തിരക്കിട്ട നീക്കങ്ങളുമായി സിദ്ധിഖും, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിദ്ധിഖ്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകുന്നതും പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം.

സിനിമാ ചർച്ചയ്ക്കായി തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു സിദ്ധിഖിനെതിരായ യുവനടിയുടെ പരാതി. പ്ലസ് ടു കാലത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒടുവിൽ താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.


കഴിഞ്ഞ ദിവസം പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ധിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ച് നൽകിയിട്ടുണ്ട്. 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചത്. ഈ മുഖി പരാതിക്കാരി സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

തുടക്കം മുതൽ ആരോപണം നിഷേധിക്കുകയാണ് സിദ്ധിഖ് ചെയ്തത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നതെന്നും മാതാപിതാക്കൾക്കൊപ്പം അല്ലാതെ പരാതിക്കാരിയെ താൻ കണ്ടെിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

മുകേഷിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡന പരാതിയിൽ നടനും എം എൽ എയുമായ മുകേഷിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജികൾ പരിഗണിക്കുന്നത്. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ‌

അതിനിടയിൽ കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലും മുകേഷിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 13 വര്‍ഷം മുന്‍പാണ് കേസിനാധാരമായ സംഭവം നടന്നത്. നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേര പോലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group