Join News @ Iritty Whats App Group

ജീവന്‍ കവര്‍ന്നെടുക്കുന്ന ജോലി സമ്മര്‍ദ്ദം അവസാനിക്കുന്നില്ല; ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയില്‍


അമിത ജോലി ഭാരം ജീവനെടുത്ത കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് സമാന സംഭവം പുറത്തുവരുന്നു. ഐടി ജീവനക്കാരനായ യുവാവ് സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ സംഭവത്തിലും അമിത ജോലി ഭാരമാണ് കുടുംബം ആരോപിക്കുന്നത്.

ചെന്നൈ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍ താമസമാക്കിയ തേനി സ്വദേശി കാര്‍ത്തികേയനാണ് സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയത്. 15 വര്‍ഷമായി ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തികേയന്‍. ഭാര്യ ജയറാണിക്കും പത്തും എട്ടും വയസുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് കാര്‍ത്തികേയന്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്.

ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാര്‍ത്തികേയന്‍ വിഷാദത്തിലായിരുന്നതായി കുടുംബം അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ കാര്‍ത്തികേയന്‍ വിഷാദ രോഗത്തിന് ചികിത്സയും തേടിയിരുന്നു. തിങ്കളാഴ്ച തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്ന ജയറാണി വ്യാഴാഴ്ച തിരികെ എത്തിയപ്പോഴാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചേരാംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group