Join News @ Iritty Whats App Group

തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമല്ല ; ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമെന്ന് വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍പൂരത്തില്‍ ഉണ്ടായ പോലീസ് വീഴ്ച യാദൃശ്ചികമല്ലെന്നും പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഡാലോചന നടന്നെന്നും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനില്‍കുമാര്‍. അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും പിന്നിലാരെന്ന വിവരം പുറത്തുവരണമെന്നും അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. പൂരം അലങ്കോലമായതിന്റെ ഇരയാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂരം അലങ്കോമായത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അന്വേഷണകമ്മീഷെന പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ടിനായി ഒരു മാസത്തെ സമയവും വെച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചെന്ന് അറിയില്ല. ഇതിന് പിന്നില്‍ ചേരയാണോ മൂര്‍ഖനാണോ എന്നറിയാന്‍ റിപ്പോര്‍ട്ട് പുറത്തുവരണമെന്നും പറഞ്ഞു. പോലീസിനും പൂരം നടത്തിപ്പുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സുനില്‍കുമാര്‍ ആരോപിച്ചു. സംഭവത്തിന് പിന്നില്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉണ്ടോ എന്ന കാര്യം അറിയില്ലെന്നും പറഞ്ഞു. അജിത്കുമാറിന്റെ പങ്കിനെക്കുറിച്ച് പി.വി.അന്‍വര്‍ പറഞ്ഞുള്ള അറിവേ തനിക്കുള്ളെന്നും സുനില്‍കുമാര്‍ പറഞ്ഞു.

തൃശൂര്‍പൂരത്തിന്റെ തലേന്ന് പകല്‍പൂരത്തിലും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ രാത്രിയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പന്തലിലെ വെളിച്ചം അണച്ചു. ചടങ്ങുകള്‍ നിര്‍ത്തി വെയ്ക്കുന്നു. പിന്നാലെ സംഘപരിവാറുകാരുടെ ആംബുലന്‍സില്‍ സുരേഷ്‌ഗോപി അവിടെ എത്തുകയും ചെയ്യുന്നു. അതെല്ലാം കരുതിക്കൂട്ടിയുള്ള കാര്യമാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യങ്ങളാണെന്നും പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി.

തൃശൂര്‍പൂരം അലങ്കോലമായതിന് പിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും പരാജയം ഏറ്റുവാങ്ങി. ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി വന്‍ വിജയം നേടുകയും പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന്  കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന കാര്യമാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group