അങ്കോള: ഷിരൂർ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തെ കൈവിടില്ലെന്ന് ലോറിയുടെ ഉടമ മനാഫ്. അർജുന്റെ കുഞ്ഞിനെ തന്റെ സ്വന്തം കുട്ടിയെ പോലെ നോക്കുമെന്ന് പറഞ്ഞ മനാഫ് അർജുന്റെ മാതാപിതാക്കൾക്ക് ഇനിയുള്ള കാലം താനും ഒരു മകനായിരിക്കുമെന്നും അറിയിച്ചു. മനോരമ ന്യൂസിനോടായിരുന്നു മനാഫിന്റെ പ്രതികരണം.
'മലയാളികൾ ഈ വിഷയം ഏറ്റെടുത്തത് വലിയ കാര്യമാണ്. ഇത് ശരിക്കും എന്റെ കടമ ആയിരുന്നു. എന്നെ വിശ്വസിച്ചിട്ട് കൊടുംകാട്ടിലേക്ക് വാഹനവുമായി പോയതാണവൻ. അങ്ങനെയൊരാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ധൈര്യം അയാളുടെ മുതലാളി തന്നെയായിരിക്കും. എനിക്ക് എന്ത് പറ്റിയാലും എന്റെ മുതലാളി എന്റെ കൂടെയുണ്ടെന്നുള്ള വിശ്വാസമാണത്' മനാഫ് പറയുന്നു.
'ഈ ദിവസങ്ങളിൽ എല്ലാം ഞാൻ എന്റെ കുടുബവും ബിസിനസും ഒക്കെ ഒഴിവാക്കിയാണ് ഇവിടെ വന്നത്. എന്റെ ബിസിനസ് എന്താണ് അവസ്ഥയെന്ന് പോലും എനിക്ക് അറിയില്ല. കല്ലായിൽ എന്റെ സ്ഥാപനം ഒരാൾ കയ്യേറി തടികൾ എല്ലാം വിറ്റു. അതുകൊണ്ട് എന്റെ പോരാട്ടം ഇവിടെയൊന്നും തീരുന്നില്ല' മനാഫ് പറഞ്ഞു.
'അർജുൻ കുടുംബത്തോട് ഒന്നേ പറയാനുള്ളൂ, ഞാൻ തന്ന വാക്ക് പാലിച്ചു. ഇനിയങ്ങോട്ട് ഞാനുണ്ടാകും അവർക്ക്. അർജുന്റെ സഹോദരിമാരായ അഞ്ജുവിനോടും അഭിരാമിയോടും ഞാനത് പറഞ്ഞതാണ്. ഇതുവരെ എനിക്ക് മൂന്ന് മക്കളായിരുന്നു, ഇനി മുതൽ അത് നാലാണ്. ഞാൻ അവരുടെ സുഖ ദുഖങ്ങളിൽ അവരുടെ കൂടെ തന്നെയുണ്ടാകും. എന്റെ കുടുംബം മുഴുവൻ അവരുടെ കൂടെയുണ്ടാകും. ഒറ്റപ്പെട്ട് പോയെന്ന് ആർക്കും തോന്നരുത്' മനാഫ് കൂട്ടിച്ചേർത്തു.
അതേസമയം, മനാഫിനെതിരെ വന്ന സൈബർ ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതികരിച്ചു. എന്തെങ്കിലും ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നേടുന്നതാണ് മനാഫിന്റെ ശീലമെന്ന് ഉമ്മ പറഞ്ഞു. അർജുൻ കിട്ടിയിട്ടേ വരികയുള്ളൂ എന്ന ഉറപ്പ് മകൻ ഇന്നലെ പാലിച്ചുവെന്നും അവർ പറഞ്ഞു.
സഹോദരനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വന്ന കാര്യങ്ങൾ വിഷമിപ്പിച്ചുവെന്ന് മനാഫിന്റെ സഹോദരി മന്നാസ് പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞപ്പോൾ വേദനിപ്പിച്ചുവെന്ന് അവർ പറഞ്ഞു. അതിനൊക്കെയുമുള്ള ഉത്തരം കിട്ടിയപ്പോൾ സമാധാനമായെന്നും അവർ കൂട്ടിച്ചേർത്തു.
ഷിരൂരിൽ ദുരന്തമായുണ്ടായപ്പോൾ അർജുൻ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ ആദ്യം അവിടെ എത്തിയവരിൽ ഒരാളായിരുന്നു ലോറി ഉടമയായ മനാഫ്. പിന്നീട് തിരച്ചിലിന്റെ ഒരു ഘട്ടത്തിൽ പോലും പിന്മാറാൻ മനാഫ് തയ്യാറായിരുന്നില്ല. രണ്ട് ഘട്ട തിരച്ചിലിലും ഒന്നും കിട്ടാതെ വന്നതോടെ പ്രതിസന്ധിയിൽ ആയപ്പോഴും മടങ്ങിപ്പോവാൻ മനാഫ് തയ്യാറായിരുന്നില്ല.
എന്നാൽ ഇതിനിടെ വ്യാപകമായ സൈബർ ആക്രമണവും മനാഫിനും കുടുംബത്തിനും നേരിടേണ്ടി വന്നിരുന്നു. തുടർന്ന് തിരച്ചിലിന്റെ എഴുപത്തിരണ്ടാം ദിനമാണ് അർജുൻ ഓടിച്ചിരുന്ന മനാഫിന്റെ ലോറിയും അർജുന്റെ മൃതശരീരവും ഗംഗാവലി പുഴയിൽ നിന്ന് ദൗത്യ സംഘം കണ്ടെടുത്തത്.
إرسال تعليق