ഇരിട്ടി: ആറളം പുനരധിവാസ കേന്ദ്രത്തില്‍ ആർ.ആർ.ടി സംഘത്തിന്റെ ഓട്ടപ്പാച്ചില്‍ തുടരുകയാണ്. രാത്രി വൈദ്യുതിവേലി തകർത്ത് പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ രാത്രി ഉറക്കമിളച്ച് വനത്തിലേക്കു തുരത്തുകയാണ് ആർ.ആർ.ടി സംഘം ചെയ്യുന്നത്.
ആറളത്ത് വിശ്രമമില്ലാതെ വനപാലകരുടെ പരക്കംപാച്ചില്‍ തുടരുമ്ബോള്‍ തൂക്കുവേലികള്‍ തകർത്ത് കാട്ടാനകളും വിഹരിക്കുകയാണ്. രാത്രി ആന തകർക്കുന്ന സോളാർ വേലി പകല്‍ വനപാലകർക്ക് റിപ്പയർ ചെയ്യണം. പകല്‍ അറ്റകുറ്റപ്പണി നടത്തി ചാർജ് ചെയ്തുകഴിഞ്ഞാല്‍ രാത്രിയില്‍ ആനകള്‍ വീണ്ടും വേലി തകർക്കും. ആനയും ആർ.ആർ.ടിയും തമ്മിലുള്ള ആനതുരത്തല്‍-വേലി റിപ്പയർ മത്സരമായി ആറളത്തെ ആർ.ആർ.ടി സംഘത്തിന്റെ ജോലി ഇരട്ടിക്കുകയാണ്.
വനാതിർത്തിയില്‍ മരങ്ങള്‍ക്കിടിയിലൂടെ സോളാർ വേലി കടന്നുപോകുന്നതിനാല്‍ ആനകള്‍ വനാതിർത്തിയില്‍ എത്തിയ ശേഷം മരങ്ങള്‍ വേലിക്കു മുകളിലേക്കു വീഴ്ത്തിയാണ് കാട്ടാനകള്‍ തകർക്കുന്നത്. രാത്രിയില്‍ ആനയിറങ്ങിയാല്‍ ഉറപ്പായും അടുത്ത ദിവസം പകല്‍ വേലി റിപ്പയർ ചെയ്യേണ്ടി വരും.
വളയംചാലില്‍ തകർക്കപ്പെടുന്ന സോളാർ വേലി വന്യജീവി സങ്കേതം അധികൃതർ റിപ്പയർ ചെയ്യും. പരിപ്പുതോടു മുതല്‍ പുളിത്തട്ടു വരെയും പുളിത്തട്ടു മുതല്‍ ബ്ലോക്ക് 10 വരെയും ഇവിടെ മുതല്‍ പൂക്കുണ്ടു വരെയും കാട്ടാന തകർക്കുന്ന വേലി റിപ്പയർ ചെയ്യേണ്ട ജോലി ആർ.ആർ.ടി സംഘത്തിനാണ്.
ഈ വഴികളിലൂടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകളെയും തുരത്തണം. ഇതോടെ ആറളത്തെ വനപാലകരുടെ വിശ്രമരഹിത ദൗത്യമാണ് ശ്രദ്ധേയമാകുന്നത്.
إرسال تعليق