Join News @ Iritty Whats App Group

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വിമർശനവുമായി പ്രശാന്ത് ഭൂഷൺ



ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്നി കൽപ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 



അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിയ്ക്ക് എതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നുകഴിഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഇത്തരം പ്രവണതകൾ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. 



ഗണേശോത്സവം അഥവാ വിനായക ചതുർത്ഥി ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്ന് കൂടിയാണിത്. ഗണേശോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുംബൈയിൽ 2,500-ലധികം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. കേരളത്തിലും വിവിധ ക്ഷേത്രങ്ങളിൽ ഗണേശ വിഗ്രഹ നിമജ്ജനം നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group