കൊച്ചി: ലൈംഗീകാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷ് അറസ്റ്റില്‍. തീരദേശ പോലീസിന്റെ ആസ്ഥാന ഓഫീസില്‍ പ്രത്യേക അന്വേഷണം സംഘം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരടിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി . ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നാണ് മുകേഷിന്റെ വാദം.
തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. വൈദ്യ പരിശോധന നടത്തിയ ശേഷമാകും വിട്ടയക്കുക.
ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്.
إرسال تعليق