Join News @ Iritty Whats App Group

നിലമ്പൂരിൽ വിശദീകരണ യോ​ഗം വിളിച്ച് പിവി അൻവർ; വീടിന് സുരക്ഷ നൽകാൻ ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

പിവി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. അതേസമയം അൻവറിന്റെ വീടിന് പൊലീസ് സുരക്ഷാ ഒരുക്കും. അതിനായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിലാണ് നടപടി. അൻവര്‍ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം.

സിപിഎം ബന്ധം ഉപേക്ഷിച്ചതോടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യതകൾ അടക്കം വിശദീകരണ യോഗത്തിൽ അൻവർ അറിയിക്കും. നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ആണ് അൻവറിന്റെ വാദം.

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ പിവി അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.


Post a Comment

أحدث أقدم
Join Our Whats App Group