Join News @ Iritty Whats App Group

അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബർ മാസത്തിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങാനും ചർച്ചയിൽ ധാരണയായെന്ന് കായിക മന്ത്രി അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന സ്പോർട്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കായിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്പോർട്സ് കൗൺസിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് യോഗത്തിൽ ച‍ർച്ചയായെന്ന് മന്ത്രി അറിയിച്ചു. സ്പെയിനിലെ ഹൈ പെർഫോമൻസ് ഫുട്ബോൾ സെന്ററുകൾ സംഘം സന്ദർശിച്ചു. സംസ്ഥാനത്തെ നിലവിലുള്ള സെന്ററുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും കായിക മികവിനോടൊപ്പം ഇതിനോടനുബന്ധിച്ച സോഫ്റ്റ് സ്കിൽ മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചർച്ചയായി. 

കേരളത്തിലെ അർജന്റീന ഫുട്ബോൾ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എഎഫ്എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്നതും ചർച്ച ചെയ്തു. ഫെഡറേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കുമെന്ന് എഎഫ്എ പ്രസിഡൻ്റ് അറിയിച്ചു. ഫുട്ബോൾ അക്കാഡമികൾ സർക്കാരുമായി ചേർന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കാനുള്ള താത്പര്യവും യോഗത്തിൽ എഎഫ്എ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group