ഇരിട്ടി: മഴ പെയ്തു തുടങ്ങിയാല്‍ ഇരിട്ടി താലൂക്ക് ആശുപത്രി പരിസരം മുഴുവൻ വെള്ളത്തിലാകും. വെള്ളത്തിലൂടെയല്ലാതെ രോഗികള്‍ക്ക് ആശുപത്രിയിലേക്ക് കടക്കാൻ സാധിക്കില്ല.
ഒപി, ഐപി വിഭാഗത്തിലെ കെട്ടിടങ്ങളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും ചവിട്ടിക്കയറ്റുന്ന ചെളിയും വെള്ളവും കാരണം ആശുപത്രിയുടെ അകവും വൃത്തിഹീനമാണ്. ശുചീകരണ തൊഴിലാളികള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ടെങ്കിലും മിനിറ്റുകള്‍ മതി വീണ്ടും ചെളിക്കുളമാകാൻ.
ഇപ്പോഴത്തെ ഒപി, ഐപി കെട്ടിടങ്ങള്‍ക്കു സമീപത്തായി പുതിയ ആശുപത്രി സമുച്ഛയത്തിന്‍റെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്തുനിന്നും ഒഴുകി എത്തുന്ന ചെളിയാണ് രണ്ടു ബ്ലോക്കുകളിലെയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്ന ഐപി ബ്ലോക്കിനു മുന്നിലും വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആശുപത്രിയില്‍ എത്തുന്നവർ പറയുന്നത്.
ഐപി ബ്ലോക്കിന്‍റെ മുറ്റത്ത് പതിപ്പിച്ച ഇന്‍റർലോക്കുകള്‍ ഇളകി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതു നന്നാക്കാൻ അധികൃതർ തയാറാകുന്നില്ല. ലക്ഷങ്ങള്‍ മുടക്കി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത മാതൃശിശു സംരക്ഷണ വാർഡും തുറന്ന് പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുകയാണ്.
ആശുപത്രിയുടെ മുറ്റത്ത് പുതിയ ഇന്‍റർലോക്ക് പതിപ്പിക്കാൻ 20 ലക്ഷം രൂപയും മുറ്റം റൂഫിംഗ് നടത്തുന്നതിന് 17 ലക്ഷത്തോളം രൂപയും നഗരസഭാ അനുവദിച്ചെങ്കിലും റൂഫിംഗിന് ആവശ്യമായ പില്ലറുകളുടെ നിർമാണം മാത്രമാണ് നടന്നത്.
പുതിയ ബ്ലോക്കിന്‍റെ നിർമാണം നടക്കുന്നതാണ് നിലവിലെ സഹചര്യത്തിന് കാരണം. താലൂക്ക് ആശുപത്രിയുടെ ജനറേറ്റർ യൂണിറ്റ് മാറ്റി സ്ഥാപിക്കാൻ പുതിയ ബ്ലോക്കിന്‍റെ നിർമാണ കന്പനി സാവകാശം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്‍റർലോക്ക്, റൂഫിംഗ് നിർമാണം വൈകിയത്. നിലവില്‍ നഗരസഭ ഫണ്ട് അനുവദിച്ച രണ്ട് പ്രവൃത്തികള്‍ പൂർത്തിയായാല്‍ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലവിലുള്ളത്.
إرسال تعليق