ന്യൂയോർക്ക്: അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു. ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദർശിനി വാസുദേവൻ ബെൻ്റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു.കാർപൂളിംഗ് ആപ്പ് വഴി കണക്റ്റു ചെയ്‌താണ് ഇവർ യാത്ര ചെയ്തത്. ദർശിനി വാസുദേവൻ്റെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ മൂന്ന് ദിവസം മുമ്പ് ട്വിറ്റർ പോസ്റ്റിൽ ടാഗ് ചെയ്യുകയും മകളെ കണ്ടെത്താൻ സഹായം തേടുകയും ചെയ്തിരുന്നു.
മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ ഉടമയാണ് ഒറമ്പട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. ഒറമ്പട്ടിയുടെ സുഹൃത്ത് ഷെയ്‌ക്കും ഹൈദരാബാദിൽ നിന്നുള്ളയാളാണ്. തമിഴ്‌നാട് സ്വദേശിനിയായ ദർശിനി ടെക്‌സാസിലെ ഫ്രിസ്കോയിലാണ് താമസിച്ചിരുന്നത്.
إرسال تعليق