കൊല്ലം: മൈനാഗപ്പള്ളിക്കു സമീപം ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രികയുടെ ദാരുണമരണത്തില്‍ കലാശിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത് ഡ്രൈവര്‍ മുഹമ്മദ് അജ്മല്‍, ഒപ്പമുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി എന്നിവര്‍ മാത്രം. അപകടവേളയില്‍ അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നതായാണു സൂചനയെന്നും പോലീസ് പറഞ്ഞു.
അജ്മലിനെ ഒന്നാം പ്രതിയും പ്രേരണാക്കുറ്റത്തിന് ഡോ. ശ്രീക്കുട്ടിയെ രണ്ടാം പ്രതിയുമാക്കിയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ.ശ്രീക്കുട്ടി വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇവിടെവച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം വളരുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ശ്രീക്കുട്ടിയെ നൃത്താധ്യാപകനെന്നു പരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഡാന്‍സ് പരിശീലനത്തിനു പോയിരുന്നു. ഇരുവര്‍ക്കുമെതിരേ മനഃപൂര്‍മായ നരഹരത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. സോമവിലാസം ചന്തയ്ക്കു സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ ഓണഘോഷത്തിനു ശേഷമാണ് അജ്മലും ഡോ. ശ്രീക്കുട്ടിയും കരുനാഗപ്പള്ളി ഭാഗത്തേക്കു പോയത്. റോഡിന്റെ വശത്തുനിന്ന് കാര്‍യാത്രികര്‍ മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.
സംഭവസമയം താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോടു പറഞ്ഞത് ഡോക്ടറാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. അപകടവിവരം പുറത്തായി കേസെടുത്തതിനുപിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. വടക്കന്‍ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിളയില്‍ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാ(45) ണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പഞ്ഞിപ്പുല്ലുംവിളയില്‍ ഷെരീഫിന്റെ ഭാര്യ ഫൗസിയയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൗസിയയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് കുഞ്ഞുമോള്‍.
തിരുവോണ നാളില്‍ വൈകിട്ട് 5.10 ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് ജങ്ഷനു സമീപമായിരുന്നു അപകടം. ഫൗസിയയുണ്ടാക്കിയ പായസം വിതരണം ചെയ്യാന്‍ ആനൂര്‍ക്കാവ് ജങ്ഷനിലെ കടയില്‍നിന്നു ഗ്ലാസും പാത്രവും വാങ്ങാന്‍ എത്തിയതായിരുന്നു കുഞ്ഞുമോള്‍. ഇവരുമായി ഫൗസിയ സ്‌കൂട്ടറില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ സോമവിലാസം ചന്തയുടെ ഭാഗത്തുനിന്നു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ റോഡ് വക്കിലേക്കു തെറിച്ചുവീണു. കാറിന്റെ ബോണറ്റിലേക്കുവീണ കുഞ്ഞുമോള്‍ മുന്‍ഭാഗത്തെ ടയറിന് അടിയിലേക്കാണു പതിച്ചത്. കാര്‍ മുന്നോട്ട് എടുക്കരുതെന്ന് സംഭവത്തിനു സാക്ഷികളായ നാട്ടുകാര്‍ അലറിവിളിച്ചെങ്കിലും അജ്മല്‍ ചെവിക്കൊണ്ടില്ല. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കരുനാഗപ്പള്ളി ഭാഗത്തേക്കു കടന്നു. പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികരെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുമോള്‍ മരിച്ചു.
നാട്ടുകാര്‍ പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ അജ്മല്‍ മാര്‍ഗമധ്യേ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന വനിതാഡോക്ടറെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശാസ്താംകോട്ട പോലീസിനു കൈമാറി. ഒളിവില്‍ പോയ അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദനമോഷണം, തട്ടിപ്പ്, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. എല്ലാ കേസിലും അജ്മല്‍ ജാമ്യം നേടിയിരുന്നു.
إرسال تعليق