കണ്ണൂർ: എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനനകളിൽ കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎ എൽ എസ് ഡി സ്റ്റാമ്പ് എന്നിവയടക്കം ഉത്തർപ്രദേശ് സ്വദേശി ദീപു സഹാനിയെ (24 ) ആണ് കണ്ണൂർ ടൌണിൽ നടത്തിയ പരിശോധനയിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ദീപുവിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും 95 ഗ്രാം എംഡിഎംഎ, 333 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ.പി.പി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതിയെ പൊക്കിയത്. കണ്ണൂർ ടൗണിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനിയെന്ന് എക്സൈസ് സംഘം അറിയിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഉണ്ണികൃഷ്ണൻ.വി.പി, കെ. ഷജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.പി സുഹൈൽ, റിഷാദ് സി.എച്ച്, രജിത്ത് കുമാർ. എൻ, സജിത്ത്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, നിഖിൽ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിനിടെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ 52.252 ഗ്രാം മെത്താംഫിറ്റമിനും 13 ഗ്രാമോളം കഞ്ചാവും കണ്ടെടുത്തു. വടകര സ്വദേശികളായ അമൽ രാജ്.പി (32), അജാസ്.പി (32) എന്നിവരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ നിന്നും വടകരയിലേക്ക് കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. മനോജ്, പ്രിവന്റ്റ്റീവ് ഓഫീസർ വി.പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ ഇ.എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ജി. ദൃശ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് എന്നിവരും പങ്കെടുത്തു.
إرسال تعليق