കണ്ണൂർ: പ്രമുഖ സിനിമാ സീരിയൽ നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു അദ്ദേഹത്തിന്. മുപ്പത് വർഷത്തോളം കലാലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വിപി രാമചന്ദ്രന്റേത്. സിനിമയിലും സീരിയലിലും മിക്ക തെളിയിച്ചതിന് പുറമേ നാടക സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പയ്യന്നൂരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്, സംസ്‌കാരം നാളെ വൈകീട്ട് നടക്കും.
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായിരുന്നു വിപി രാമചന്ദ്രൻ. എയർഫോഴ്‌സിൽ നിന്ന് റിട്ടയേർഡ് ചെയ്‌ത ശേഷം അമേരിക്കൻ കോൺസുലേറ്റിൽ ജീവനക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീടാണ് കലാരംഗത്ത് സജീവമായത്. 1987 മുതൽ 2016 വരെയുള്ള കാലയളവിൽ 19 സിനിമകളിൽ അദ്ദേഹം വേഷമിട്ടിരുന്നു. അതിലേറെയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു.
സിനിമകൾക്ക് പുറമേ സീരിയൽ ലോകത്തും സജീവം സാന്നിധ്യമായിരുന്നു വിപി രാമചന്ദ്രൻ. അടുത്ത കാലം വരെ നിരവധി സീരിയലുകൾക്ക് ശബ്‌ദം നൽകുകയും ചെയ്‌തിരുന്നു. ഡബ്ബിംഗ് രംഗത്തും മികവ് തെളിയിച്ചിരുന്നു അദ്ദേഹം. ലോക പ്രശസ്‌ത നർത്തകനും പത്മഭൂഷൺ ജേതാവുമായ വിപി ധനഞ്ജയന്റെ സഹോദരൻ കൂടിയാണ് വിപി രാമചന്ദ്രൻ.
إرسال تعليق