ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ മുൻകൂര്‍ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്.
ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. നേരത്തെ മുകേഷിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു തീരുമാനം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കുമെന്നും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുൻകൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ അസാധാരണ ഇടപെടലുണ്ടായത്.
إرسال تعليق