Join News @ Iritty Whats App Group

കണ്ണീരോർമ്മയായി അർജുൻ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്. 

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.

അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീടിൻ്റെ ചാരത്ത് തന്നെയാണ് അർജുന് വേണ്ടി നിത്യനിദ്രയ്ക്ക് ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ജൂലൈ 19നായിരുന്നു ‍ഏഷ്യാനെറ്റ് ന്യൂസ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group