ഇരിട്ടി: ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളിലടക്കം ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പേരാവൂർ നിയോജക മണ്ഡലംതല ആരോഗ്യ സ്ഥാപനങ്ങളുടെ അവലോകന യോഗം.
സണ്ണി ജോസഫ് എംഎല്‍എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുകള്‍ സംബന്ധിച്ച് ആക്ഷേപം ഉയർന്നത്.
പ്രതിദിനം ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നാലു വർഷം മുന്പ് ഉദ്ഘാടനം ചെയ്ത മാതൃ ശിശു വാർഡ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ഇരിട്ടി മുനിസിപ്പല്‍ ചെയർപേഴ്സണ്‍ കെ. ശ്രീലത ആവശ്യപ്പെട്ടു. ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് ആശുപത്രിയില്‍ ഉപയോഗിക്കാനാകാതെ നശിക്കുന്നതെന്നും കെ. ശ്രീലത ചൂണ്ടിക്കാട്ടി.
പേരാവൂർ താലൂക്ക് ആശുപത്രിയില്‍ മാസ്‌റ്റർ പ്ലാൻ പദ്ധതി പ്രകാരമുള്ള പുതിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് മണ്ണു പരിശോധന മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ.സഹിന പറഞ്ഞു.
ഡോക്ടറുടെ തസ്തികയുണ്ടായിട്ടും സ്ഥിരം നിയമനം നടക്കാത്തത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധികള്‍ പരിഹരിക്കാൻ ഡിഎംഒ ഇടപെടല്‍ നടത്തണമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീത ദിനേശൻ ആവശ്യപ്പെട്ടു.
കൊളക്കാട് പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറെ (കുട്ടികളുടെ ഡോക്‌ടർ) പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ജോലിക്രമീകരണത്തിന്‍റെ ഭാഗമായി മാറ്റിയ നടപടി അംഗീകരിക്കില്ലെന്നു കണിച്ചാർ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി സെബാസ്‌റ്റ്യൻ പറഞ്ഞു.
ഈ നടപടി തിരുത്തണം. ഉരുള്‍പൊട്ടലില്‍ തകർന്ന കണിച്ചാർ സബ് സെന്‍റർ കെട്ടിടത്തിനു 55 ലക്ഷം രൂപയുടെ ടെൻഡർ നടപടികള്‍ പൂർത്തിയായതായി അദ്ദഹം യോഗത്തെ അറിയിച്ചു. കീഴ്പള്ളി സിഎച്ച്‌സിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്കെ.വേലായുധൻ ആവശ്യപ്പെട്ടു.
ഫാർമസിസ്‌റ്റ്, ജെഎച്ച്‌ഐ എന്നിവരുടെ ഒഴിവുകള്‍ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മെഡിക്കല്‍ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ ചൂണ്ടിക്കാട്ടി. വള്ളിത്തോട് എംഎച്ച്‌സിയില്‍ പിടിഎസ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് പായം പഞ്ചായത്ത് പ്രസിഡന്‍റ് പി.രജനിയും അങ്ങാടിക്കടവ്, കരിക്കോട്ടക്കരി പിഎച്ച്‌സികള്‍ എഫ്‌എച്ച്‌സി നിലവാരത്തില്‍ എത്തിക്കുന്ന വിധം നിർമാണ പ്രവൃത്തികള്‍ നടത്തുന്നതിനും ജീവനക്കാരുടെയും കുറവുകള്‍ പരിഹരിക്കുന്നതിനു അങ്ങാടിക്കടവില്‍ പൂട്ടിയിട്ട ഫിസിയോതെറപ്പി യൂണിറ്റ് തുറക്കുന്നതിനു നടപടി വേണമെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍ ആവശ്യപ്പെട്ടു.
മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.വി.വിനോദ്, ഡപ്യൂട്ടി ഡിഎംഒ ഡോ. രേഖ, ജൂണിയർ അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. അനിറ്റ, എൻഎച്ച്‌എം എൻജിനിയർ അല്‍ത്താഫ്, വിവിധ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസർമാരായ ഡോ. രഞ്ജിത്ത് മാത്യു (ഡോ.എസ്.എ. അശ്വതി, ഡോ. സി.പി.ഡിജിന പ്രിയ, ഡോ. നിറ്റു തോമസ്, ഡോ.കെ.ഷബിന, ഡോ. ജയകൃഷ്‌ണൻ, ഡോ. അഷിത എന്നിവർ പങ്കെടുത്തു.
إرسال تعليق