Join News @ Iritty Whats App Group

'ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി'; രാഹുൽ ഗാന്ധി

വാഷിങ്ടൺ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലമാണെന്നും അദ്ദേഹം പ്രതികരിച്ചു. അമേരിക്കയിലെ ത്രിദിന സന്ദർശനത്തിനിടെ ടെക്‌സാസിലെ ഡാളസിൽ നടന്ന ഇന്ത്യൻ പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



'തിരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യയിൽ ആരും ബി ജെ പിയേയോ ഇന്ത്യൻ പ്രധാനമന്ത്രിയെയോ ഭയപ്പെടുന്നുണ്ടായിരുന്നില്ല. അവരോടുള്ള ഭയം പെട്ടെന്ന് ഇല്ലാതായതായി കണ്ടു. തിരഞ്ഞെടുപ്പ് ഫലം തന്റേയോ കോൺഗ്രസ് പാർട്ടിയുടെയോ വിജയമല്ല, ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്.ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തുരങ്കം വയ്ക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ നിലകൊളളുകയായിരുന്നു. ഞങ്ങളുടെ മതത്തിനും സംസ്ഥാനങ്ങൾക്കും എതിരായ ആക്രമണങ്ങളെ അംഗീകരിക്കാൻ സാധിക്കില്ല', രാഹുൽ ഗാന്ധി പറഞ്ഞു.



'ഇന്ത്യ എന്നത് ഒരു ആശയം ആണെന്നാണ് ബി ജെ പിയും ആർ എസ് എസും വിശ്വസിക്കുന്നത്. എന്നാൽ ഇന്ത്യ എന്നത് ഞങ്ങളെ സംബന്ധിച്ച് ബഹുസ്വരതയാണ്. ജാതിയും മതവും ഭാഷയും പാരമ്പര്യവും പരിഗണിക്കാതെ എല്ലാ പശ്ചാത്തലങ്ങളിലും നിന്നുള്ള ആളുകളുടെ പങ്കാളിത്തമാണ് ഇന്ത്യയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ പ്രധാനമന്ത്രി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാജ്യത്തെദശലക്ഷക്കണക്കിന് ആളുകൾ വ്യക്തമായി മനസിലാക്കിയൊരു പോരാട്ടമായിരുന്നു നടന്നത്', അദ്ദേഹം പറഞ്ഞു.



ഭരണഘടനയെ സംരക്ഷിക്കണമെന്ന് താൻ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സംസാരിച്ചപ്പോൾ ജനങ്ങൾക്ക് അത് വ്യക്തമാകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും രാഹുൽ പറഞ്ഞു. ' ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുന്നവർ നമ്മുടെ മതപാരമ്പര്യത്തേയും ആക്രമിക്കുന്നുവെന്നത് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയ സംവിധാനങ്ങളിൽ ഇല്ലാത്തത് സ്നേഹവും മനുഷ്യത്വവും ബഹുമാനവും ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. സ്നേഹവും ആദരവും വിനയത്തിന്റെ മൂല്യങ്ങളും ജനങ്ങളിലേക്ക് പകരുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം', രാഹുൽ പറഞ്ഞു.



ഇന്നലെയാണ് രാഹുൽ യുഎസിൽ എത്തിയത്. വരും ദിവസങ്ങളിൽ ടെക്സസ്, വാഷിങ്ടന്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശിക്കും. ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും . ഇന്ത്യൻ നയതന്ത്രവിദഗ്ധർ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായും രാഗുൽ ഗാന്ധി സംവദിക്കും.

Post a Comment

أحدث أقدم
Join Our Whats App Group