Join News @ Iritty Whats App Group

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി


മെമ്മോറാണ്ടത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.


വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.


മെമ്മോറാണ്ടത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ആ കണക്കുകളെ ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group