ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി. അർജുന്റെ മൃതദേഹം ജന്മനാടായ കണ്ണാടിക്കലിലെത്തി. അർജുനെ അവസാനമായി കാണാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്. 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിൽ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങൽ വിദഗ്ധന്‍ ഈശ്വർ മാൽപെയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു.
തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെയാണ് കോഴിക്കോട് ജില്ലയിൽ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങിയത്.
ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽ നിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.
إرسال تعليق