മലപ്പുറം: ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പ്രഖ്യാപിച്ച് കെടി ജലീൽ എംഎൽഎ. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിലാണ് കെടി ജലീലിൻ്റെ പരാമർശം. നേരത്തെ, പിവി അൻവർ എംഎൽഎയ്ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെടി ജലീൽ എംഎൽഎയും രംഗത്തെത്തിയിരുന്നു.
സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെടി ജലീൽ രംഗത്തെത്തിയത്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎൽഎയുടെയും ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് ജലീൽ ആവശ്യപ്പെട്ടു. എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെടി ജലീൽ ആവശ്യപ്പെട്ടു.
إرسال تعليق