തിരുവനന്തപുരം: എഡിജിപി ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ ഷംസീറിന്റെ നിലപാട് തെറ്റെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ആ സ്ഥാനത്തിരുന്നുകൊണ്ട് ഷംസീര്‍ അങ്ങിനെ പറയരുതായിരുന്നെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റഡീക്ലാസല്ല വേണ്ടത് കൃത്യമായ വിവരമാണെന്നും പറഞ്ഞു. വിവാദത്തില്‍ ഷംസീറിനെതിരേ ആഞ്ഞടിക്കുകയാണ് സിപിഐ.
നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയും ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരേ രംഗത്ത് വന്നിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാട്. എന്നാല്‍ ഷംസീര്‍ ഇത്തരം പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു.
ആര്‍എസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. എഡിജിപി ഊഴം വെച്ച് ആര്‍എസ്എസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്തിനെന്ന് കേരളത്തിന് അറിയണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും അതിന് മുമ്പ് ആനിരാജയും പ്രതികരിച്ചിരുന്നു.
തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തുവന്നത്.
إرسال تعليق