ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരുന്നു.
സി ഐ എസ് എഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ പറഞ്ഞു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി വിനായകൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു
വിനായകൻ ഇതിന് മുൻപും സമാനമായ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിന് കഴിഞ്ഞ വർഷം നടൻ വിനായകൻ അറസ്റ്റിലായിരുന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. പോലീസ് സ്റ്റേഷനിൽ വിനായകൻ എത്തിയത് മദ്യപിച്ചാണെന്ന് പോലീസ് പറഞ്ഞിരുന്നു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. പോലീസ് സ്റ്റേഷൻറെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരുന്നത്.
വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരിൽ വിനയാകൻ തന്നെയായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. തുടർന്ന് മഫ്തിയിൽ വനിത പോലീസ് വീട്ടിലേക്ക് എത്തിയപ്പോൾ വനിത പോലീസിനോട് വിനായകൻ ബഹളം വെയ്ക്കുകയായിരുന്നു . അതിന് ശേഷം വൈകിട്ട് വിനായകൻ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതെന്നായിരുന്നു പോലീസ് പറഞ്ഞത്.
إرسال تعليق