ചേര്‍ത്തല: ജനിച്ച് അഞ്ചുദിവസം പിന്നിട്ട ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ ഒന്നാം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറത്തു വീട്ടില്‍ ആശാ മനോജിനെയും (35), പുരുഷ സുഹൃത്ത് രാജേഷാലയത്തില്‍ രതീഷി (39) നെയുമാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയത്.
ഇരുവരെയും ഒന്നിച്ചും വേറെയും ചോദ്യം ചെയ്തതില്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ ആശയകുഴപ്പം ഉയര്‍ന്നിട്ടുണ്ട്. യുവതിക്കൊപ്പം പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ യുവാവും യുവതിയുടെ കാമുകനായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.
ഇയാളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴിനല്‍കിയതായാണ് വിവരം. ഇതോടെ പോലീസ് നടത്തുന്ന ഡിഎന്‍എ പരിശോധന നിര്‍ണായകമാകും.31ന് ആശുപത്രിയില്‍നിന്നും വിട്ടശേഷം ആശയും യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു.
ഇതിനു ശേഷമാണ് സന്ധ്യമയങ്ങിയ ശേഷം രതീഷിനെ വിളിച്ചു പള്ളിപ്പുറത്തുവച്ച് കുഞ്ഞിനെ കൈമാറിയത്. രാത്രിതന്നെ കുഞ്ഞിനെ കൊന്നെന്ന് രതീഷ് ആശയെ വിളിച്ചറിയിച്ചിരുന്നു. രതീഷിന്റെ ഫോണ്‍വിളിയെത്തിയ ശേഷമാണ് ആശുപത്രിയില്‍നിന്നെത്തിയ ആശ ഉറങ്ങിയതെന്നാണ് വിവരം.
ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് മുതല്‍ ഗര്‍ഭം അലസിപ്പിക്കാനെന്ന പേരിലും പ്രസവ സമയത്തടക്കം രതീഷില്‍നിന്നും രണ്ടുലക്ഷത്തോളം രൂപ ആശ പലഘട്ടങ്ങളിലായി വാങ്ങിയതായും മൊഴിലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ ഇരുവരും പോലീസ് കസ്റ്റഡിയിലുണ്ടാകും.കഴിഞ്ഞ 31ന് രാത്രി 8.30 യോടെയാണ് രതീഷ് തന്റെ വീട്ടിലെത്തിച്ച് കുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്നത്.
മൃതദേഹവും രതീഷിന്റെ വീട്ടില്‍നിന്നാണ് കണ്ടെടുത്തത്. എന്നാല്‍, കൊലപാതകത്തിനു പ്രേരണയും പിന്തുണയും നല്‍കിയത് അമ്മ ആശയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകം അടക്കം ചുമത്തിയാണ് കേസെടുത്തത്.
ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 31നു നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ രണ്ടിനാണ് പുറത്തറിഞ്ഞത്. അന്നുതന്നെ ഇരുവരെയും പോലീസ് പിടികൂടുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.
إرسال تعليق