സംസ്ഥാനത്ത് മന്ത്രിസഭയില്‍ വീണ്ടും മാറ്റങ്ങള്‍. എന്‍സിപിയുടെ എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനമായി. മന്ത്രിസഭയില്‍ തോമസ് കെ തോമസ് പകരക്കാരനാകും. പ്രഖ്യാപനം ഒരാഴ്ച്‌ചയ്ക്കകം ഉണ്ടായേക്കും. അതേസമയം ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
വനം-വന്യജീവി വകുപ്പ് മന്ത്രിയായിരുന്നു എകെ ശശീന്ദ്രന്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതേസമയം അന്തിമ തീരുമാനം പവാറിൻ്റേതെന്ന് പി.സി ചാക്കോ പറഞ്ഞു.
പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. വിഷയത്തില്‍ ഇടപെടില്ലെന്നും തീരുമാനം എന്‍സിപിയുടേതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം ദേശീയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ ശശീന്ദ്രനെതിരെ നിലപാടെടുത്തിരുന്നു. ഇതുകൂടാതെ സംസ്ഥാന നേതൃത്വവും ശശീന്ദ്രനെ പിന്തുണച്ചില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനം ഒഴിയാന്‍ ശശീന്ദ്രന്‍ തയ്യാറായത്.
إرسال تعليق