Join News @ Iritty Whats App Group

നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവം ; യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ് ; പരാതി ബാലചന്ദ്രമേനോന്റേത്


കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിലാണു നടപടി. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണു വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

പരാതിക്കാരിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരേ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതിയിലുള്ളത്.

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണു കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സാമൂഹിക മാധ്യമത്തില്‍ തനിക്കെതിരേ പോസ്റ്റിട്ടു. പിന്നാലെ യുട്യൂബ് ചാനലുകള്‍ക്ക് നടി അഭിമുഖങ്ങള്‍ നല്‍കി. വലിയൊരു സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നെന്നും പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു. ഏഴ് പ്രമുഖ നടന്‍മാര്‍ക്കെതിരേ ഈ നടി ലൈംഗികപീഡന പരാതി ഉന്നയിച്ചിരുന്നു.

അതേസമയം ബാലചന്ദ്രമേനോനെ ഫോണില്‍ വിളിച്ചിരുന്നതായി നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയിസ് സമ്മതിച്ചു. താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അദ്ദേഹം തള്ളി. മുന്നറിയിപ്പെന്ന നിലയിലാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചെന്നും സംഗീത് ലൂയിസ് പറഞ്ഞു. താങ്കള്‍ക്ക് ഇഷ്ടമുള്ളതു ചെയ്യാനായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയിസ് വ്യക്തമാക്കി.

ആലുവ സ്വദേശിനിയായ നടിയാണു ബാലചന്ദ്ര മേനോനെതിരേ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പിന്നാലെ ബാലചന്ദ്ര മേനോന്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവുപിടിച്ചു നിരവധി തട്ടിപ്പുകാര്‍ ബ്ലാക് മെയിലിങ്ങിനു ശ്രമിക്കുന്നുവെന്ന ആരോപണം സജീവമാണ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരേ പീഡനപരാതി നല്‍കിയ നടിക്കെതിരേയാണു ബാലചന്ദ്രമേനോന്റെ പരാതി.

Post a Comment

أحدث أقدم
Join Our Whats App Group