Join News @ Iritty Whats App Group

അടിസ്ഥാന സൗകര്യങ്ങളില്ല; ദുരിതംപേറി മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് കോളനിവാസികള്‍

രിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചാക്കാട് പൂങ്കാവനത്തിലെ 12 കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമില്ല.

കോളനിയെന്ന പേരുമാറ്റി പൂങ്കാവനം എന്നോ സങ്കേതമെന്നോ ആക്കണമെന്ന് മുൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും പേരിനുപോലും പേര് മാറ്റാൻ കഴിയാത്തത്ര ശോച്യമാണ് ചാക്കാട് കോളനി വാസികളുടെ അവസ്ഥ. 10 സെന്റ് സ്ഥലത്ത് മൂന്നുവീടുകള്‍ എന്ന ക്രമത്തില്‍ ബാവലി പുഴയുടെ തീരത്തെ കോളനിയില്‍ 15 കുടുംബങ്ങളാണ് തിങ്ങിഞെരുങ്ങി കഴിയുന്നത്. 15 കുടുംബങ്ങള്‍ താമസിച്ചിരുന്ന കോളനിയിലെ മൂന്നുകുടുംബങ്ങള്‍ക്ക് പുനരധിവാസ മേഖലയില്‍ വീടുലഭിച്ചതോടെ ഇപ്പോള്‍ 12 കുടുംബങ്ങളാണ് ദുരിതം പേറി ചോർന്നൊലിക്കുന്ന വീടുകളില്‍ കഴിയുന്നത്. 

കാലപ്പഴക്കം കൊണ്ട് കോണ്‍ക്രീറ്റ് അടർന്നുവീണു തുടങ്ങിയ വീടുകള്‍ ചോർന്നൊലിച്ച്‌ അപകടാവസ്ഥയിലാണ്. താല്‍കാലികമായി വീടുകള്‍ക്ക് മുകളില്‍ ടാർപ്പായ വലിച്ചുകെട്ടിയാണ് കുട്ടികളും മുതിർന്നവരും കഴിയുന്നത്. വെള്ളവും വെളിച്ചവും ശുചിമുറികളും അടക്കം യാതൊരു സൗകര്യവും ഇല്ലാതെ കഴിയുന്ന ആദിവാസികളോടാണ് സർക്കാറിന്റെ അവഗണന. കുറ്റമറ്റ ജലവിതരണ സംവിധാനമോ ആരോഗ്യപരിപാലന സംവിധനമോ ഇല്ലാത്ത ഇവിടെ ഭൂരിപക്ഷം ആളുകളും രോഗികളുമാണ്.

നാലു വീടുകളുടെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. കിടപ്പുരോഗിയായ ചന്ദ്രന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച്‌ മാസങ്ങളായി. രാത്രിയായാല്‍ മെഴുകുതിരിയുടെ വെട്ടം മാത്രമാണ് ഇവർക്ക് ആശ്വാസം. 15 വീടുകളില്‍ ശബരീഷിന്റെ വീടിന് മാത്രമാണ് ശുചിമുറിയുള്ളത്. കോളനിയിലെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് ശബരീഷിന്റെ വീട്ടിലെ ശുചിമുറിയാണ്. മറ്റുള്ളവർ സമീപത്തെ പറമ്ബുകളിലും ബാവലി പുഴയിലുമാണ് പ്രാഥമിക കർമങ്ങള്‍ നിർവഹിക്കുന്നത്. ബാവലി പുഴയാകട്ടെ കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി റിസർവോയറിന്റെ പ്രധാന കൈവഴികളിലൊന്നുമാണ്. 


ശുചിമുറിക്കായി പണം അനുവദിച്ചെങ്കിലും നിർമാണം എല്ലാ വീടുകളിലും ചെങ്കല്‍ ചുവരുകളില്‍ മാത്രം ഒതുങ്ങിയ നിലയിലാണ്. പല വീടുകളിലും രോഗികളുടെ എണ്ണം വർധിക്കുന്നതായും ടി.ബി രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്നവരും കോളനിയില്‍ കഴിയുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. കോളനിയിലെ കുടിവെള്ള പദ്ധതിക്കായി നിർമിച്ച ടാങ്ക് നോക്കുകുത്തിയായി തുടരുകയാണ്. കറന്റ് ബില്ല് അടക്കാതെ വന്നതോടെ കെ.എസ്.ഇ.ബി കുടിവെള്ള സംവിധാനത്തിന്റെ ഫ്യൂസ് ഊരിയതോടെ സമീപത്തെ പൊതുകിണറില്‍നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. 

12 ലക്ഷം രൂപ ചിലവില്‍ 2020ല്‍ പണി പൂർത്തിയാക്കിയ കോളനിയിലെ സംസ്കാരിക നിലയവും പഠനമുറിയും അനുബന്ധ സൗകര്യങ്ങളും മാറാലപിടിച്ച്‌ പൂച്ചയും പട്ടിയും താവളമാക്കിയിരിക്കുന്ന അവസ്ഥയാണ്. 2020ല്‍ താക്കോല്‍ കൈമാറിയ സംസ്കാരിക നിലയത്തിന് നാളിതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. 15 ഓളം വിദ്യാർഥികള്‍ സമീപത്തെ സ്കൂളുകളില്‍ പഠിക്കുന്നുണ്ടെങ്കിലും പട്ടികജാതി പട്ടിക വകുപ്പുകള്‍ക്ക് ലഭിക്കുന്നത്ര സൗകര്യങ്ങളും ലഭിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.

Post a Comment

أحدث أقدم
Join Our Whats App Group