Join News @ Iritty Whats App Group

പ്രസ്റ്റീജ് ഏണിംഗ്സ് എന്ന ​ഗ്രൂപ്പിനെ കണ്ണടച്ചു വിശ്വസിച്ചു, അവസാനം പണം വച്ച് വരെ പണം കൊടുത്തു; വൻ തട്ടിപ്പ്

ഇടുക്കി: ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഇടുക്കി സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷത്തോളം രൂപ. ജോലിക്ക് മുൻകൂറായി മുടക്കിയ പണം തിരികെ കിട്ടാൻ വേണ്ടിയാണ് തട്ടിപ്പ് മനസിലാവാതെ വീണ്ടും വീണ്ടും പണം നിക്ഷേപിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. പ്രസ്റ്റീജ് ഏണിംഗ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി ആയിരുന്നു തട്ടിപ്പ്. ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ അധികവരുമാനം കണ്ടെത്താം. ജോലിക്കായി പ്രത്യേക സമയം നീക്കിവയ്ക്കേണ്ട ആവശ്യവുമില്ല. ഇത്തരമൊരു പരസ്യവും ജോലിക്കായുളള ലിങ്കും വാട്സാപ് വഴിയാണ് ഇടുക്കി കരിമണ്ണൂർ സ്വദേശിയായ വീട്ടമ്മയക്ക് കിട്ടിയത്.

താത്പര്യമറിയിച്ചതോടെ, പിന്നീടുളള സംഭാഷണങ്ങൾ എല്ലാം ടെലിഗ്രാം വഴിയായി. അസൈൻമെന്റുകൾ കിട്ടാൻ മുൻകൂറായി പണം നൽകണമെന്നായിരുന്നു വ്യവസ്ഥ. പ്രവൃത്തി പൂർത്തിയാക്കുമ്പോൾ പ്രതിഫലും ചേർത്ത് തിരികെ നൽകും. ആദ്യമാദ്യം പതിനായിരങ്ങൾ മുൻകൂറായി നൽകി ജോലി ചെയ്തുകൊടുത്തു. അപ്പോഴേക്കും കുരുക്ക് മുറുകി. നൽകിയ പണം തിരികെ കിട്ടണമെങ്കിൽ ഇനിയും നൽകേണ്ടത് ലക്ഷങ്ങളാണെന്ന അവസ്ഥയായി. അങ്ങനെ വായ്പയെടുത്തും പണയംവച്ചും ഇവർ 16 ലക്ഷം വരെ നൽകി.

കോഴിക്കോട് സ്വദേശിയെന്ന് വിശ്വസിപ്പിച്ചയാളായിരുന്നു ഗ്രൂപ്പ് അഡ്മിൻ. പറ്റിക്കപ്പെട്ട കാര്യമറിഞ്ഞ് പിന്നീട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴേക്കും ടെലഗ്രാം ഗ്രൂപ്പ് അപ്രത്യക്ഷമായിരുന്നു. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി ഒരുമാസമായെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമാന രീതിയിൽ ഇടുക്കിയിൽത്തന്നെ നിരവധിപേർ വ‌ഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാവാത്തതാണ് തട്ടിപ്പുകാർക്ക് ഗുണമാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group