തൃശ്ശൂര്‍: തിരുവനന്തപുരത്തും ഒരു പൂരം ഉണ്ടായിരുന്നെങ്കില്‍ ബിജെപിയെ എല്‍ഡിഎഫ് അവിടെയും വിജയിപ്പിച്ചേനെയെന്ന് കെ. മുരളീധരന്‍. ഇത്രയും നെറികെട്ട രീതി സ്വീകരിച്ച മുഖ്യമന്ത്രിക്ക് മുന്നില്‍ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എഡിജിപി ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച തൃശൂര്‍പൂരം തകര്‍ക്കാനുള്ള ഗൂഡാലോചയായിരുന്നെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചത്. കൂടിക്കാഴ്ച നടന്നതായി എഡിജിപി സമ്മതിക്കുകയും ചെയ്തതോടെ വിവാദം കടുത്തു.
അജിത് കുമാര്‍- ആര്‍എസ്എസ് നേതാവ് ദത്താത്രേയയുമായി നടത്തിയ കൂടിക്കാഴ്ച ബിജെപി എംപിയെ ലോക്സഭയിലേക്ക് അയക്കാനുള്ള സന്ദേശം കൈമാറല്‍ ആയിരുന്നെന്നും കെ മുരളീധരന്‍ പറഞ്ഞു. പൂരം കലക്കി ജനവികാരം ബിജെപിക്ക് അനുകൂലമാക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ചു. അത്തരത്തില്‍ ആര്‍എസ്എസിന്റെ ഉന്നതനെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കാണാന്‍ പോകുമ്പോള്‍ ബോസായ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്.
ആര്‍എസിഎസിനെ എതിര്‍ക്കുന്നവരാണ് എല്‍ഡിഎഫും യുഡിഎഫും. കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഐഎം ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറ വാടക 2 കോടിയായി ഉയര്‍ത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നു. രണ്ട് കോടി തറവാടക കൊടുത്ത് പൂരം നടത്തില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗം വിളിച്ച് 45 ലക്ഷത്തിന് തറവില നിശ്ചയിച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു.
إرسال تعليق