Join News @ Iritty Whats App Group

‘ഓഫീസിൽ പ്രവേശനമില്ല, ഫയലുകളിൽ ഒപ്പിടാൻ കഴിയില്ല’; കെജ്‌രിവാൾ പുറത്തിറങ്ങുന്നത് കർശന വ്യവസ്ഥകളോടെ


മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് നിരവധി ഉപാധികളോടെ. ജാമ്യം അനുവദിക്കുന്ന വേളയിൽ ഡൽഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയാൽ കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടറിയേറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.



കെജ്‌രിവാളിന് ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാൻ കഴിയില്ല. ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കിൽ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും കെജ്‌രിവാൾ ഹാജരാകേണ്ടതുണ്ട്. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് ജഡ്ജിമാര്‍ കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



അതേസമയം, ഇഡിയുടെ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തിടുക്കം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. 22 മാസങ്ങളായിട്ടും സിബിഐ നടപടി എടുത്തിരുന്നില്ല. കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ഇഡി കേസിൽ ജാമ്യം അനുവദിച്ചതിനാൽ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഐ അറസ്റ്റ് ന്യായരഹിതമാണ്. അതിനാൽ കെജ്‌രിവാളിനെ ഉടൻ വിട്ടയക്കണമെന്നും സിബിഐ കേവലം ‘കൂട്ടിലടച്ച തത്ത’ മാത്രമല്ല, സ്വതന്ത്രവും സജീവവുമായ ഏജൻസിയാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഭൂയാൻ കൂട്ടിച്ചേ‍ർത്തു.



ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ ഒന്ന് മുതൽ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇഡി കേസിൽ സുപ്രീംകോടതി നേരത്തെ തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 26 നാണ് കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group