നീലേശ്വരം: ക്ലാസ് കട്ടു ചെയ്ത് ആരും കാണാതെ കറങ്ങാൻ പോയി. പിറ്റേന്ന് ക്ലാസിലെത്തിയ കുട്ടികളെ അധ്യാപകൻ പിടികൂടി. തങ്ങൾ കുടുങ്ങാൻ കാരണക്കാരായ സിസി ടിവി കാമറകളോട് വിരോധം തീർത്ത് കുട്ടികൾ.
സ്കൂളിലെ ആറു സിസിടിവി കാമറകളാണ് രണ്ടു തവണയായി കുട്ടികൾ രാത്രിയിലെത്തി അടിച്ചുതകർത്തത്. കാമറകൾ തകർത്ത് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഭാഗങ്ങൾ എടുത്തുകൊണ്ടുപോയിരുന്നു.
ചായ്യോത്ത് ജിഎച്ച്എസ്എസിലെ സംഭവം ഇങ്ങനെ… ഓഗസ്റ്റ് 23നാണ് ആദ്യത്തെ മൂന്നു കാമറകൾ തകർക്കപ്പെട്ടത്. സാമൂഹ്യവിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകാമെന്നു കരുതിയാണ് സ്കൂൾ അധികൃതർ പോലീസിൽ പരാതി നല്കിയത്. അന്വേഷണം നടക്കുന്നതിനിടെ സെപ്റ്റംബർ രണ്ടിനു വീണ്ടും മൂന്നു കാമറകൾ കൂടി തകർക്കപ്പെട്ടു.
ഇതോടെ അന്വേഷണം ചൂടുപിടിച്ചു. മറ്റു രീതിയിലുള്ള മോഷണശ്രമങ്ങളൊന്നും നടക്കാത്തതുകൊണ്ട് സിസിടിവി കാമറകളെ മാത്രം ലക്ഷ്യംവച്ച് വരുന്ന ആളുകളാണ് ഇതിനു പിന്നിലെന്നു പോലീസിനു വ്യക്തമായി.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണു സംഭവം നടന്ന രാത്രിയിൽ സ്കൂൾ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട മൂന്നു വിദ്യാർഥികളിലേക്കു നീങ്ങിയത്. സ്കൂൾ സ്ഥിതിചെയ്യുന്നത് പ്രധാന പാതയോരത്തായതിനാൽ അടുത്തുള്ള കടകളിലും സ്ഥാപനങ്ങളിലും സിസിടിവി കാമറകളുണ്ട്. സ്കൂൾ പരിസരത്തെത്തിയ കുട്ടികളെ നേരിട്ട് കണ്ടവരും ഉണ്ടായിരുന്നു.
കുട്ടികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സിസിടിവി കാമറയോടുള്ള വിരോധത്തിന്റെ കഥ പുറത്തുവന്നത്. രണ്ടു കുട്ടികൾ ഇതേ സ്കൂളിലും മൂന്നാമൻ മറ്റൊരു സ്കൂളിലുമാണു പഠിക്കുന്നത്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ക്ലാസ് കട്ടുചെയ്ത് പോകുന്നത് സിസിടിവി കാമറ നോക്കി അധ്യാപകർ കണ്ടുപിടിച്ചതായിരുന്നു വിരോധത്തിന്റെ കാരണം. മൂന്നാമൻ ഇവരെ സഹായിക്കാൻ ഒപ്പം ചേർന്നതായിരുന്നു.
14, 15, 16 വീതം വയസുള്ള കുട്ടികളാണ് പിടിയിലായത്. മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. സ്കൂളിന് അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
إرسال تعليق