Join News @ Iritty Whats App Group

ഹേമ കമ്മറ്റി റിപ്പോർട്ട്; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ


സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. സജിമോൻ പാറയിലിൻ്റെ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്നാണ് പ്രത്യേക ബെഞ്ചിനെ തിരഞ്ഞെടുക്കുക. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.

ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപവത്കരിച്ചത് പാഴ്‌വേലയാവുമെന്നും കോടതി പറഞ്ഞിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group