പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനങ്ങളുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനും എതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പറയുന്നത് കൃത്യമായി പറയാതെ സർക്കാരിനെ മോശമാക്കാൻ അജിത്കുമാറും ടീമും പ്രവർത്തിച്ചു. മന്ത്രിമാരുടെ ഫോൺകോളുകൾ ഉൾപ്പെടെ ചോർത്തിയെന്നും അൻവർ ആരോപിച്ചു.
പോളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നും അൻവർ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനെതിരെ താൻ സഭയിൽ ഉന്നയിച്ച അഴിമതി ആരോപണത്തിൽ തന്റെ മൊഴി രേഖപ്പെടുത്താതെ കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചുവെന്നും പിവി അൻവർ പറഞ്ഞു. താൻ പറയുന്നതിൽ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പിവി അൻവർ പറയുന്നു.
എല്ലാ രാഷ്ട്രീയക്കാരുടെയും പത്രക്കാരുടെയും ഫോൺ കോൾ സൈബർ സെൽ ചോർത്തുന്നുവെന്ന് അൻവർ ആരോപിച്ചു. എഡിജിപി ഇതിനായി അസിസ്റ്റന്റിനെ വെച്ചാണ് ചോർത്തുന്നതെന്ന് അൻവർ പറയുന്നു. എം ആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചെന്ന ഗുരുതര ആരോപണവും അൻവർ ഉന്നയിച്ചു. ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംആർ അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂഡ് ഇബ്രാഹിം എന്നും പി വി അൻവർ കുറ്റപ്പെടുത്തി. എഡിജിപി എംആർ അജിത് കുമാറിനും എസ് പി സുജിത് ദാസിനും സ്വർണക്കള്ളക്കടത്തുമായി ബന്ധമെന്നും പിവി അൻവർ. അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺകോൺ ഞെട്ടിപ്പിക്കുന്നതെന്നും പിവി അൻവർ. എസ് പി സുജിത് ദാസ് സ്വർണക്കടത്തിന് സഹായം ചെയ്യുകയല്ല, അതിന്റെ ഭാഗം തന്നെയാണ്. കോഴിക്കോട്ടു നിന്ന് കാണാതായ മാമി എന്ന കച്ചവടക്കാരനെ കൊലപ്പെടുത്തിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇതിന് പിന്നിൽ കള്ളക്കടത്ത് സംഘമെന്നും പിവി അൻവർ പറഞ്ഞു.
സുജിത്ദാസ് ഇവിടെ വരും മുന്നെ കസ്റ്റംസിൽ ആയിരുന്നു. അയാൾ കസ്റ്റംസുമായി ബന്ധം പുലർത്തുന്നു. സുജിത് ദാസിന് സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ട്. കള്ളക്കടത്തിലെ ഒരു വിഭാഗം സുജിത്തിനെ വിളിച്ചു പറയും. എയർപോർട്ടിൽ നിന്ന് അവരെ കടത്തി വിടും. വിമാനത്താവളത്തിന് പുറത്ത് നിന്ന് പൊലീസ് ഇവരെ പിടിക്കും. എന്നിട്ട് ഇവരുടെ കേന്ദ്രത്തിലേക്ക് പോകും. 25 സ്വർണ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ പത്തെണ്ണം എടുത്ത് മാറ്റുമെന്ന് അൻവർ പറയുന്നു. ഇതിന്റെ തലവൻ അജിത് കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു.
അജിത് കുമാർ ജയിലിലേക്ക് ആണ് പോകുന്നതെന്നും തെളിവ് എന്റെ പക്കൽ ഉണ്ടെന്നും പിവി അൻവർ പറഞ്ഞു. പി ശശിക്ക് വീഴ്ച പറ്റിയെന്നും ശശി കൃത്യമായി അനലൈസ് ചെയ്ത് റിപ്പോർട്ട് നൽകി എങ്കിൽ വീഴ്ച സംഭവിക്കില്ലെന്നും അൻവർ പറഞ്ഞു. ഇവരുടെ പ്രവർത്തി കാരണം മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രിയെ കൊലക്ക് വിട്ടു കൊടുക്കില്ലെന്നും അൻവർ പറയുന്നു.
പി ശശി എന്തിന് അജിത്കുമാറിനെ സംരക്ഷിക്കുന്നത് എന്തിന് എന്ന് നിങ്ങൾ അന്വേഷിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ പറയുന്നവരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു ലോക്കപ്പിൽ ഇടുന്നുവെന്ന് അൻവർ പറഞ്ഞു. അജിത്കുമാർ കൊല്ലേണ്ടി വന്നാൽ കൊല്ലും എന്ന് സുജിത് ദാസ് പറഞ്ഞു. ശശിധരൻ എസ്പി വേറൊരു രീതി ആണ്. ഡാൻസാഫ് ക്രിമിനൽ സംഘമാണ്. ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരണം എന്ന് സേനയിലെ കൂടുതൽ പേർ ആഗ്രഹിക്കുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കി.
إرسال تعليق