Join News @ Iritty Whats App Group

വിവാഹത്തിന് വാങ്ങിയ 50,000 കളഞ്ഞുപോയി; പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തിൽ ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി


മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായി ഊട്ടിയിൽ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാണാതായി ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പൊലീസിനോട് പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്‌പി പ്രതികരിച്ചിരുന്നു. ഫോൺ ഓണായതാണ് അന്വേഷണത്തിന് തുമ്പായത്.



വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു ജിത്ത് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടർന്നാണ് പൊലീസ്‌ വിഷ്ണു ജിത്തിലേക്ക് എത്തിയത്. അതേസമയം, വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം അൽപസമയത്തിനകം മലപ്പുറത്ത് കോടതിയിൽ ഹാജരാക്കും. 



കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാട്ടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. 



നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.

Post a Comment

أحدث أقدم
Join Our Whats App Group