വിശാഖപട്ടണം: വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ 'സ്റ്റോൺ ബേബിയെ' ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഗർഭസ്ഥ ശിശു സ്ത്രീയുടെ ഗർഭാശയത്തിനുള്ളിൽ വെച്ച് മരിക്കുകയും എന്നാൽ അത് ശരീരത്തിലേക്ക് പുനഃരാഗികരണം ചെയ്യപ്പെടാൻ കഴിയുന്നതിലധികം വലുതായിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ കുഞ്ഞിന്റെ ശരീരം വയറിനുള്ളിൽ തന്നെ അവശേഷിക്കുകയും അതിലേക്ക് കാത്സ്യം അടിഞ്ഞുകൂടുകയും ചെയ്യുന്നതിലൂടെയാണ് സ്റ്റോൺ ബേബിയായി മാറുന്നത്. ലിത്തോപീഡിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. ഗർഭത്തിന്റെ പതിനാലാം ആഴ്ച മുതൽ ഗർഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്.
ഗർഭമുണ്ടായ ശേഷം ആദ്യ സമയങ്ങളിൽ തന്നെ കുഞ്ഞ് മരണപ്പെടുകയും കാത്സ്യം അടിഞ്ഞുകൂടി അത് സ്റ്റോൺ ബേബിയായി മാറുകയും ചെയ്യുന്ന അവസ്ഥ, വർഷങ്ങളോളം രോഗി അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ ആർത്തവ വിരാമത്തിന് ശേഷമായിരിക്കും ഇത് കണ്ടെത്തുക. അല്ലെങ്കിൽ രോഗി മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് പരിശോധനയ്ക്ക് വിധേയമാവുമ്പോൾ ഇത് കണ്ടെത്തപ്പെട്ടേക്കും.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള കിങ് ജോർജ് ആശുപത്രിയിലെ ഡോക്ടർമാരാണ് 27കാരിയുടെ ശരീരത്തിൽ നിന്ന് സ്റ്റോൺ ബേബിയെ നീക്കം ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ കടുത്ത വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്. പിന്നീട് ശസ്ത്രക്രിയ നടത്തി. ഗർഭസ്ഥ ശിശുവിന്റെ നെഞ്ചിൻകൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. എല്ലുകൾ കൂടിച്ചേർന്നതു പോലെ കാത്സ്യം അടിഞ്ഞുകൂടിയ നിലയിലുള്ള വസ്തുവാണ് യുവതിയുടെ വയറിനുള്ളിൽ കണ്ടതെന്നും ഡോക്ടർമാർ വിശദീകരിച്ചു. യുവതി സുഖം പ്രാപിച്ചുവരികയാണ്.
إرسال تعليق