ഉരുവച്ചാല്‍: ശിവപുരം നടുവനാട് റോഡില്‍ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കിലോമീറ്ററുകള്‍ അകലെ വീട്ടുമുറ്റത്ത് നിന്ന് മാലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.ശിവപുരം നടുവനാട് റോഡില്‍ വിളക്കോട് പാനേരി ഹൗസില്‍ പി. മായന്റെ മകൻ ടി.കെ. റിയാസ് (38) ആണ് മരിച്ചത്.
കോളാരിക്കടുത്ത് വെള്ളിലോടില്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സ്വന്തം വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്ന് ശിവപുരത്തെ ഭാര്യവീട്ടിലേക്ക് ബൈക്കില്‍ പോകവെ എതിരെനിന്നും വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് 20 മിനിറ്റോളം രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടന്ന റിയാസിനെ ആംബുലൻസിലാണ് ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
പരിക്ക് ഗുരുതരമായതിനാല്‍ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കാർ ബൈക്കില്‍ ഇടിച്ചശേഷം അമിത വേഗത്തില്‍ നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ കാർ കണ്ടെത്താൻ തിരച്ചില്‍ നടത്തുന്നതിനിടെ കോളാരിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടനിലയില്‍ കണ്ടെത്തി. മാലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കാക്കയങ്ങാട് കോഴിക്കട നടത്തിവരികയായിരുന്നു റിയാസ്.
മാതാവ്: ആയിഷ. ഭാര്യ: ഫസീല (ശിവപുരം). മക്കള്‍: അജ്‍വ, അംറ, എട്ടുമാസം പ്രായമായ കുഞ്ഞ്. സഹോദരങ്ങള്‍: റസാക്ക്, റഷീദ് (ദുബൈ), റഹീം, മുത്തലിബ്, റാഹില. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വിളക്കോട് വീട്ടിലെത്തിക്കും.
إرسال تعليق