Join News @ Iritty Whats App Group

‘അമ്മ’ പിളര്‍പ്പിലേക്ക്! പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 താരങ്ങള്‍ ഫെഫ്കയ്ക്ക് മുന്നില്‍



താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്കെന്ന് സൂചനകള്‍. സംഘടനയിലെ ഇരുപതോളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനായി ഫെഫ്കയെ സമീപിച്ചിട്ടുണ്ട്. പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങള്‍ തേടുന്നത്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താരങ്ങള്‍ തങ്ങളെ സമീപിച്ച കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



അമ്മയുടെ സ്വത്വം നിലനിര്‍ത്തിയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നത്. താരങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. അമ്മ ഒരു ട്രേഡ് യൂണിയന്‍ അല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അഞ്ഞൂറിലധികം താരങ്ങളാണ് അമ്മയില്‍ അംഗങ്ങളായുള്ളത്.



ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുക്കുകയും ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതില്‍ താരസംഘടനയില്‍ അഭിപ്രായഭിന്നതയും ഉടലെടുത്തിരുന്നു. ഇതിനിടെയാണ് സംഘടനയിലെ 20 ഓളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെയും കാണുന്നത്. അമ്മയിലെ അംഗങ്ങള്‍ തങ്ങളെ കണ്ടിരുന്ന കാര്യം ബി. ഉണ്ണികൃഷ്ണനും സ്ഥിരീകരിച്ചു.



എന്നാല്‍ പിളര്‍പ്പല്ല അവര്‍ ഉദ്ദേശിക്കുന്നത് എന്നും അമ്മ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകള്‍ ഇപ്പോള്‍ തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നല്‍കുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group