ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തി. പശുക്കടത്തുകാരൻ എന്ന് ആരോപിച്ചാണ് ആര്യൻ മിശ്ര എന്ന വിദ്യാർത്ഥിയെ പശു സംരക്ഷകർ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നീ പ്രതികൾ ഡൽഹി-ആഗ്ര ദേശീയ പാതയിൽ 30 കിലോമീറ്ററോളം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടർന്നു. ആര്യനൊപ്പം സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത്, രണ്ട് പെൺകുട്ടികൾ എന്നിവരും ഉണ്ടായിരുന്നു.
റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോഗിച്ച് പശുക്കടത്ത് നടത്തുന്നവരെ കുറിച്ച് ഈ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഹർഷിത് ഓടിച്ചിരുന്ന ഡസ്റ്റർ കാർ കണ്ടത്. അവർ അവനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഹർഷിത് കാർ നിർത്തിയില്ല.
ഹർഷിത് വാഹനം നിർത്താതെ ഓടിച്ചതോടെ സംഘം ഇവരെ പിന്തുടർന്നു. കാറിനു നേരെ വെടിയുതിർത്തു. ഒരു വെടിയുണ്ട പാസഞ്ചർ സീറ്റിലിരുന്നിരുന്ന ആര്യൻ്റെ കഴുത്തിന് സമീപം കൊണ്ടു. ഒടുവിൽ കാർ നിർത്തിയപ്പോൾ മറ്റൊരു വെടി ആര്യൻ്റെ നെഞ്ചിൽ പതിച്ചു.
കാറിൽ രണ്ട് പെൺകുട്ടികളെ കണ്ടതോടെ തങ്ങൾ ഉദ്ദേശിച്ച ആളുകളല്ല ഇവരെന്ന് മനസ്സിലാവുകയും അവിടെ നിന്ന് സ്ഥലം വിടികയും ചെയ്തു .
ഉടൻ തന്നെ ആര്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സംഘം ഉപയോഗിച്ച ആയുധം നിയമവിരുദ്ധമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുന്നതിനാൽ അഞ്ച് പേരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
إرسال تعليق