Join News @ Iritty Whats App Group

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (KIAL) ന്റെ നഷ്ടക്കഥ തുടരുന്നു

സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതുമായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (KIAL) നഷ്ടക്കഥ തുടരുന്നു.

2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 168.56 കോടി രൂപയാണ് എയര്‍പോര്‍ട്ട് രേഖപ്പെടുത്തിയ നഷ്ടം. തൊട്ടു മുന്‍സാമ്ബത്തിക വര്‍ഷം ഇത് 126.27 കോടി രൂപയായിരുന്നു.

ആറ് വര്‍ഷം മുന്‍പ്, 2018ല്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍പോര്‍ട്ടിന്റെ സഞ്ചിത നഷ്ടം ഇതോടെ 742.77 കോടിയായി. ഇത് വളരെ ഗൗരവകരമായ കാര്യമാണ്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് എയര്‍പോര്‍ട്ട് റെഗുലേറ്ററിയും വായ്പക്കാരും ഓഹരിയുടമകളും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം.

വരുമാനം കുറവ്

2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 101.62 കോടി രൂപയായാണ് കിയാലിന്റെ വരുമാനം. മുന്‍ വര്‍ഷം 115.17 കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. അതേ സമയം ചെലവുകള്‍ (Expenditure) ഇക്കാലയളവില്‍ 275.27 രൂപയാണ്. അതായത് വരുമാനത്തിന്റെ ഇരട്ടിയോളമാണ് ചെലവ്.

എയ്‌റോ വരുമാനം 75.52 കോടിയും നോണ്‍ എയ്‌റോ വരുമാനം 19.41 കോടിയുമാണ്. എയ്‌റോ വരുമാനത്തില്‍ മുഖ്യ പങ്കും യൂസര്‍ ഡവലപ്‌മെന്റ് ഫീസാണ്. 47.05 കോടി രൂപയാണ് ഈ ഇനത്തില്‍ നേടിയത്. വിമാന കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന പാര്‍ക്കിംഗ് ഫീസ്, ലാന്‍ഡിംഗ് നിരക്കുകള്‍, എയ്‌റോബ്രിജ് നിരക്കുകള്‍, ഇന്‍ലൈന്‍ എക്സ്റേ നിരക്കുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന മറ്റ് വരുമാനങ്ങള്‍.

പലിശ ബാധ്യത

കിയാലിന് മൊത്തം 1,165.61 കോടി രൂപയുടെ കടമാണുള്ളത്. ഇതില്‍ 1124.90 കോടി രൂപ ദീര്ഘകാല കടമാണ്. ബാക്കി 40.71 കോടി ഹ്രസ്വകാല കടവും.

ചെലവുകളുടെ മുഖ്യ പങ്കും പോകുന്നത് പലിശ ഇനത്തിലാണ്. 117.12 കോടിയാണ് പലിശയായി നല്‍കേണ്ടത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ മൊത്തം ചെലവിന്റെ 43 ശതമാനം വരുമിത്. കിയാലിന്റെ മൊത്തം വരുമാനത്തേക്കാള്‍ വളരെ കൂടുതലാണ് പലിശയായി നല്‍കേണ്ടതെന്നതാണ് എടുത്ത് പറയേണ്ടത്. 

വിദേശ വിമാനക്കമ്ബനികളെ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കിയാലിന്റെ സാമ്ബത്തിക സ്ഥിതി മോശമാക്കുന്നതെന്ന് കിയാല്‍ അധികൃതര്‍ മുന്‍പ് വ്യക്തിമാക്കിയിട്ടുണ്ട് ഈ വര്‍ഷം വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടിയും പുതിയ റൂട്ടുകള്‍ ആരംഭിച്ചും ലാഭക്ഷമത മെച്ചപ്പെടുത്താനാകുമെന്നാണ് കിയാല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 23നാണ് കിയാലിന്റെ വാർഷിക പൊതുയോഗം.

പിടിച്ചു നില്‍ക്കാന്‍ നിരക്കുകള്‍ കൂട്ടി

വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനായി ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. കൂടാതെ വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ ഉയര്‍ത്താനും എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയിരുന്നു. യാത്രാക്കാരുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്കില്‍ ഒരു വര്‍ഷമായി വര്‍ധനവില്ലാതിരുന്നതും കിയാലിന് സാമ്ബത്തിക നഷ്ടം ഉണ്ടാക്കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധിപ്പിച്ചത്.

യാത്രാ നിരക്കിനൊപ്പം ടിക്കറ്റില്‍ ഉള്‍പ്പെടുത്തി ഈടാക്കുന്ന യൂസര്‍ ഡവലപ്‌മെന്റ് ഫീസ്, വിമാനക്കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന പാര്‍ക്കിംഗ്ഫീസ്, ലാന്‍ഡിംഗ് നിരക്കുകള്‍, ഏയ്‌റോബ്രിജ് നിരക്കുകള്‍, ഇന്‍ലൈന്‍ എക്സ്റേ നിരക്കുകള്‍ തുടങ്ങിയവയും വര്‍ധിപ്പിച്ചിരുന്നു. 2028 വരെയുള്ള ഓരോ സാമ്ബത്തിക വര്‍ഷങ്ങളിലും ഈ നിരക്കുകളില്‍ നിശ്ചിത ശതമാനം വര്‍ധനയ്ക്കും അനുമതിയുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group