കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന പരാതിയില്‍ അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോഴിക്കോട് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റിനെതിരായ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ നേതാക്കളില്‍ നിന്നും മൊഴിയെടുത്തു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ഡിസിസി നേതൃത്വം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവെടുത്ത ശേഷം തുക വകമാറ്റിയെന്നായിരുന്നു പരാതി. സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിന് മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദ് അയച്ച പരാതി പുറത്തു വന്നതോടെ സംഭവം വിവാദമായി.ഡിസിസി നേതൃത്വത്തിനും പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് ചുമതലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ചേളന്നൂരിലെ നേതാക്കളെ ഡിസിസി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി മൊഴിയെടുത്തത്.ഗ്രൂപ്പ് വഴക്കാണ് പരാതിക്കു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
إرسال تعليق