കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയാണ് ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടി. മൊഴിനല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന് ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്.ഇവര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട്ട് കൈമാറുമ്പോള് ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 24 ന് പുറത്തുവിടാനിരിക്കെയാണ് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
റിപ്പോര്‍ട്ടില്‍ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നുമായിരുന്നു വിവരവാകാശ കമ്മിഷന്റെ നിലപാട്. സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമ്മിഷനും വിമന്‍ ഇന്‍ സിനിമ കളക്ടീവും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടനിരുന്ന ദിവസമാണ് ഹൈക്കോടതി ഹര്‍ജിയില്‍ സ്റ്റേ നല്‍കിയത്.
إرسال تعليق